ദളപതി വിജയിയെ നായകനാക്കി നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ നായികയായെത്തുന്ന ചിത്രത്തിൽ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ

. ചിത്രത്തിലെ ഒരു ഗാനം ഫെബ്രുവരി 14 ന് പുറത്തിറങ്ങിയിരുന്നു. അറബിക് കുത്ത് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് തങ്കളുടെ യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറക്കിയത്. ശിവകാർത്തികേയൻ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അനിരുദ്ധും ജോണിതാ ഗാന്ധിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഇപ്പോൾ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ഈ ഗാനം. സൗത്ത് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 150 മില്ല്യൺ വ്യൂസ് നേടിയ ഗാനമായി മാറിയിരിക്കുകയാണ് അറബിക് കുത്ത്. പുറത്തിറങ്ങി 23 ദിവസം കൊണ്ടാണ് അറബിക് കുത്ത് 150 മില്യൺ വ്യൂസ് എന്ന അപൂർവ നേട്ടത്തിൽ എത്തിയത്. 28 ദിവസം കൊണ്ട് 150 മില്ല്യൺ ന്യൂസ് നേടിയ ധനുഷ് ചിത്രമായ മാരി-2 വിലെ റൗഡി ബേബി എന്ന ഗാനത്തിന്റെ റെക്കോർഡ് ആണ് അറബിക് കുത്ത് തകർത്തെറിഞ്ഞത്.

റൗഡി ബേബി എന്ന ഗാനം വീഡിയോ സോങ് ആണെന്നതും അറബിക് കുത്ത് ലിറിക്കൽ വീഡിയോ ആണെന്നതും ഈ നേട്ടത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ധനുഷിന്റെ തന്നെ ചിത്രമായ മാരിയുടെ രണ്ടാം ഭാഗമാണ് 2018-ൽ പുറത്തിറങ്ങിയ മാരി 2. സായി പല്ലവി നായികയായെത്തിയ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസ് ആണ് വില്ലനായ് എത്തിയത്. ആദ്യ ഭാഗം സംവിധാനം ചെയ്ത ബാലാജി മോഹൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം ഇതുവരെ 1 ബില്യണിലേറെ ആളുകൾ കണ്ടു കഴിഞ്ഞു. യുവാൻ ശങ്കർ രാജ സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ധനുഷ് ആണ്. ധനുഷും ദീയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ കൃഷ്ണ, വരലക്ഷ്മി ശരത്കുമാർ, റോബോ ശങ്കർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ബീസ്സ്റ്റിലെ അറബിക് കുത്ത് എന്ന ഗാനവും വൈകാതെ 1 ബില്യൺ എന്ന നേട്ടം കൈവരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിലെ മറ്റു ഗാനങ്ങളും ടീസറും ട്രെയിലറും ഉടൻ പുറത്തിറങ്ങും. ചിത്രം ഏപ്രിൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.