പ്രഭാസ് – പൂജ ഹെഗ്ഡെ എന്നിവരെ നായികാനായകന്മാരാക്കി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആണ് രാധേ ശ്യാം. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. അതിന്റെ റിലീസിന് മുന്നോടിയായി പ്രമോഷന് വേണ്ടി കേരളത്തിലെത്തിയ സൂപ്പർ താരം പ്രഭാസിന് ആവേശോജ്വലമായ സ്വീകരണമൊരുക്കി അദ്ദേഹത്തിന്റെ ആരാധകർ.

കേരളത്തിലെ പ്രഭാസ് ഫാൻസ് അസോസിയേഷൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ വൈശാഖിന്റെയും സെക്രട്ടറി അജ്മൽന്റെയും നേതൃത്വത്തിലാണ് പ്രഭാസിനെ സ്വീകരിച്ചത്. തനിക്ക് നൽകുന്ന സ്നേഹത്തിന് പ്രഭാസ് ഫാൻസിനോട് നന്ദി പറഞ്ഞു. ഈ വെള്ളിയാഴ്ച ഇറങ്ങുന്ന സിനിമയ്ക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു. ഫാൻസുകാരോടൊപ്പം ഫോട്ടോയും എടുത്ത് ശേഷമാണ് താരം മടങ്ങിയത്. എറണാകുളം ക്രൗൺ പ്ലാസയിൽ വച്ച് നടന്ന ഇവന്റിൽ പ്രഭാസിനൊപ്പം ചിത്രത്തിന് സംവിധായകൻ രാധാകൃഷ്ണ കുമാർ, ജയറാം, ബി ഉണ്ണികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.

ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആർ ഡി ഇലുമിനേഷൻസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. രാധേ ശ്യാം എന്ന ചിത്രത്തിൽ പ്രഭാസ്, പൂജ ഹെഗ്ഡെ എന്നിവരെ കൂടാതെ മലയാളത്തിന്റെ പ്രിയ താരം ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭാഗ്യശ്രീ, സാഷ ചെത്രി, റിദ്ധി കുമാർ, ജഗപതി ബാബു, മുരളി ശർമ, സച്ചിൻ ഖേദകർ, കുണാൽ റോയ് കപൂർ, സത്യൻ എന്നിവരും അഭിനയിക്കുന്നു.

അതേസമയം പ്രഭാസിനെ അടുത്ത ചിത്രമായ സലാറിൽ മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ടെന്ന് പ്രഭാസ് വെളിപ്പെടുത്തി. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയുടെ സംവിധായകൻ പ്രശാന്ത് നീലാണ് സലാറിന്റെ സംവിധായകൻ. കെജിഎഫ്ന്റെ നിർമ്മാതാക്കൾ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ശ്രുതിഹാസൻ നായികയായെത്തുന്ന ചിത്രത്തിൽ മധു ഗുരുസ്വാമി ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗപതി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കന്നട തെലുങ്ക് എന്നീ ഭാഷകളിൽ ഷൂട്ട് ചെയ്യുന്ന ചിത്രം മലയാളം തമിഴ് ഹിന്ദി എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു പുറത്തിറക്കും.