ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളം,തമിഴ്,തെലുങ്ക് കന്നഡ,ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾ പ്രിയദർശൻ സംവിധാനം ചെയ്തിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടാമത്തെ സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ ഒട്ടേറെ വിജയ ചിത്രങ്ങളും ഇൻഡസ്ട്രി ഹിറ്റുകളും സമ്മാനിച്ച സംവിധായകൻ കൂടിയാണ് പ്രിയദർശൻ.

പ്രിയദർശൻ സിനിമാ രംഗത്തിനു നൽകിയ സമഗ്ര സംഭാവനക്ക് ആദരസൂചകമായി അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകിയിരിക്കുകയാണ് ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി. പ്രിയദർശന്റെ മകളായ കല്യാണി പ്രിയദർശൻ ഈ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ പങ്കുവെച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ ഇപ്പോഴും സജീവമായി തുടരുന്ന പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം മോഹൻലാൽ നായകനായി എത്തിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്.

ഈ ചിത്രത്തിന് മൂന്ന് ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും ലഭിച്ചിരുന്നു.ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ സുനിൽ ഷെട്ടി, പ്രഭു,പ്രണവ് മോഹൻലാൽ, മഞ്ജുവാര്യർ, നെടുമുടി വേണു, അർജുൻ, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, ഫാസിൽ, ഇന്നസെന്റ്, മാമുക്കോയ, മുകേഷ് തുടങ്ങിയ ഒട്ടേറെ താരങ്ങൾ അഭിനയിച്ചിരുന്നു.

ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക മുൻനിര അഭിനേതാക്കളുടൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് പ്രിയദർശൻ. പ്രിയദർശൻ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത് മോഹൻലാലിനെ നായകനാക്കിയാണ്. ഉർവശിയെ നായികയാക്കി ചെയ്യുന്ന തമിഴ് ചിത്രം, രണ്ടു ഹിന്ദി ചിത്രങ്ങൾ, എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ നെറ്റ്ഫ്ലിക്സിനായി ഒരുക്കുന്ന ആന്തോളജി ചിത്രം എന്നിവയാണ് പ്രിയദർശന്റെ സംവിധാനത്തിൽ ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ.
