അഞ്ചു വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത് ‘വി ദ വുമൺ ഓഫ് ഇന്ത്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺഹാൾ പരിപാടിയിൽ വെച്ച് ഭാവന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രിത്വിരാജ്, ജയസൂര്യ, ജിനു എബ്രഹാം, ആഷിഖ് അബു, ഷാജി കൈലാസ് തുടങ്ങിയ നിരവധി പേർ എന്നെ സിനിമയിലേക്ക് വിളിച്ചു. മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് പലരും നിർബന്ധിച്ചു. പക്ഷെ എല്ലാം എനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നു. എന്റെ മനസ്സമാധാനത്തിനു വേണ്ടിയാണ് മലയാള സിനിമയിൽ നിന്ന് അഞ്ച് വർഷം മാറി നിന്നത്.

എന്നാൽ ഇപ്പോൾ മലയാള സിനിമകളുടെ കഥ കേൾക്കുന്നുണ്ട് എന്നും ഭാവന പറയുന്നു. 2017-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോൺ ആണ് ഭാവനയുടേതായി പുറത്തിറങ്ങിയ അവസാന മലയാള സിനിമ. അതിനുശേഷം താരം കന്നടയിൽ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. റിപ്പോർട്ടർ ടിവിക്ക് കൊടുത്ത അഭിമുഖത്തിൽ സംവിധായകൻ ആഷിക് അബുവും ഭാവനയുടെ തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ആഷിക് അബുവിന്റെ വാക്കുകളിലേക്ക് ” കൂടെ കൂടെ നമ്മുടെ സിനിമ ആലോചനകളിൽ ഭാവനയും വരാറുണ്ടായിരുന്നു.

അതെല്ലാം ഭാവനയോടും പറയുമായിരുന്നു. ഉടൻതന്നെ ഭാവന മലയാളത്തിലേക്ക് തിരിച്ചു വരും. അതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഒരു കഥ അവർ കേൾക്കുകയും ഇഷ്ടമാവുകയും ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് തിരിച്ചു വരുന്ന കാര്യം മുമ്പും ഭാവനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ മാനസിക സമ്മർദ്ദം ഭാവനയെ പിന്നോട്ടു നയിച്ചു”.

2017-ൽ പുറത്തിറങ്ങിയ ആദം ജോണിന് ശേഷം ടാഗരു, വിജയ് സേതുപതി-തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 96-ഇന്റെ റീമേക്കായ 99, ഇൻസ്പെക്ടർ വിക്രം, ശ്രീക്രിഷ്ണ@ജിമെയിൽ. കോം, ഭജരംഗി-2, ഗോവിന്ദ ഗോവിന്ദ എന്നീ ചിത്രങ്ങൾ ആണ് ഭാവനയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്.