മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് വളരെ കാലമായി ഇരുവരുടെയും ആരാധകരും സിനിമാപ്രേമികളും. ഇരുവരും അവസാനമായി മുഴുനീള വേഷങ്ങളിൽ ഒന്നിച്ചഭിനയിച്ചത് 2008-ൽ അമ്മ സംഘടനയ്ക്ക് വേണ്ടി ജോഷി സംവിധാനം ചെയ്ത ട്വന്റി-20 സിനിമയ്ക്ക് വേണ്ടിയാണ്. അതിനുശേഷം മമ്മൂട്ടി ചിത്രമായ കടൽ കടന്നൊരു മാത്തുക്കുട്ടിയിൽ മോഹൻലാൽ ചെറിയൊരു അതിഥി വേഷത്തിൽ എത്തിയിരുന്നു.

പിന്നീട് വർഷങ്ങളായി ഇരുവരുമൊന്നിക്കുന്നുവെന്നു അഭ്യൂഹങ്ങൾ വന്നെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. 2020-ൽ അമ്മ സംഘടനയ്ക്ക് വേണ്ടി പ്രിയദർശൻ -ടി. കെ രാജീവ് കുമാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പിന്നീട് അറിയാൻ സാധിച്ചിട്ടില്ല. മമ്മൂക്കക്കും ലാലേട്ടനും വലിയ വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള വൈശാഖ് ഇരുവരെയും പ്രധാനകഥാപാത്രങ്ങളാക്കി സിനിമ ഒരുക്കുന്നു എന്ന അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കുറെ കാലമായി ചർച്ചയാകാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നൈറ്റ് ഡ്രൈവിന്റെ റിലീസിനോടനുബന്ധിച്ച് ഒരു സ്വകാര്യചാനലിന് കൊടുത്ത അഭിമുഖത്തിലാണ് വൈശാഖ് ഇതിനെക്കുറിച്ച് പറഞ്ഞത്. വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ “തീർച്ചയായിട്ടും,അങ്ങനെ ഒരു സിനിമ ഉണ്ടെങ്കിൽ അത് ഒഫീഷ്യലി അനൗൺസ് ചെയ്യപ്പെടുമല്ലോ.

അപ്പോൾ നമുക്ക് ആ ഒരു അർത്ഥത്തിൽ അങ്ങനെ ഒരു പ്ലാനുകൾ ഇല്ല എന്ന് പറയാം. നല്ല പ്രോജക്ടുകൾ അല്ലെങ്കിൽ അങ്ങനെ വളരെ പ്രാധാന്യമുള്ള പ്രൊജക്റ്റുകൾ അതിന്റെ പൂർണ്ണതയിൽ പറയപ്പെടുന്നതാണ് എപ്പോഴും നല്ലത്. ഞാൻ പറഞ്ഞത്, എല്ലാം അതിന്റെ മാർക്കറ്റിംഗ് ഡിമാൻഡ് ചെയ്യുന്ന രീതിയിൽ പ്രസന്റ് ചെയ്യപ്പെടുന്നതാണ് എപ്പോഴും നല്ലത്.”

അന്ന ബെൻ,റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങാനിരിക്കുന്ന നൈറ്റ് ഡ്രൈവ്, മോഹൻലാൽ പ്രധാന കഥാപാത്രമായെത്തുന്ന മോൺസ്റ്റർ എന്നിവയാണ് വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ഏതായാലും വൈശാഖിന്റെ ഈ വെളിപ്പെടുത്തൽ സിനിമാ പ്രേമികളെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന ഒരു ചിത്രം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. ഇരുവരും ഒരു ചിത്രത്തിന് വേണ്ടി ഒന്നിച്ചാൽ അത് മലയാള കണ്ട എക്കാലത്തെയും വലിയ വിജയചിത്രമായി മാറും എന്നാണ് പ്രേക്ഷകരുടെയും ആരാധകരുടെയും അഭിപ്രായം.